പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം:
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. 90 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകമെമ്പാടും അറിയപ്പെട്ടിരുന്ന ഹൃദ്രോഗ വിദഗ്ധനായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു ഡോ. വല്യത്താൻ.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. 1999-ൽ ഫ്രഞ്ച് ഗവൺമെൻ്റ് നൽകിയ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സ് ബഹുമതി (Ordre des Palmes Academiques) അദ്ദേഹത്തെ ഷെവലിയർ ആക്കി. അന്താരാഷ്‌ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ നിന്ന് 2009-ൽ ഡോ. സാമുവൽ പി. ആസ്പർ ഇൻ്റർനാഷണൽ അവാർഡ് ലഭിച്ചു.
വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ.എം.എസ്.വല്യത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തിൽ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുർവേദ വൈദ്യശാസ്ത്രം പഠിക്കാനും അതിൽകൂടി ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തിന്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. നേതൃപദവിയിൽ ഇരുന്ന് ശ്രീചിത്തിര തിരുനാൾ ആശുപത്രിയെ ഉത്തരോത്തരം വളർത്തിയ വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
\