വിദ്വേഷ പ്രസംഗം; ഷമ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്:
വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവും വക്താവുമായ ഷമ മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഷമയ്ക്കെതിരെ കേസെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നുവെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.
‘ഇത് ഫാസിസത്തിനെതിരെ ഉള്ള തിരഞ്ഞെടുപ്പാണ്. നരേന്ദ്രമോദി തിരിച്ചുവന്നാൽ ജനാധിപത്യം തീർന്നു. ഭരണഘടന തീർന്നു. മതേതരത്വം പിന്നീട് ഉണ്ടാവില്ല. മുസ്ലീം ക്രിസ്ത്യൻ പള്ളികൾ ഉണ്ടാവില്ല’, എന്നായിരുന്നു ഷമയുടെ വാക്കുകൾ.
മതസ്പർദ്ധ ഉണ്ടാക്കും വിധം ഷമ പ്രസംഗിച്ചുവെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. പോലീസ് കേസെടുത്തതോടെ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഷമ രംഗത്തുവന്നു.