സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത;കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഇന്ന് മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാകകുന്നത്. ഇതോടെ ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും. ഏപ്രിൽ 18 മുതൽ 20 വരെ കേരളത്തിൽ പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാൽ ജാഗ്രത കൈവിടരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസം നിലവിലും തുടരുന്ന സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.