ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ കുറഞ്ഞത് 10 പേരെ കാണാതായി. ശക്തമായ മലവെള്ളപ്പാച്ചിലിൽ അവശിഷ്ടങ്ങൾ ഒഴുകിയെത്തിയതിനെ തുടർന്ന് ആറ് കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു സംഘം ദുരിതബാധിത പ്രദേശത്ത് എത്തിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി വൈകിയാണ് നന്ദാ നഗറിൽ സംഭവം നടന്നത്. രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒരു മെഡിക്കൽ ടീമും മൂന്ന് ആംബുലൻസുകളും ദുരന്തബാധിത മേഖലയിലേക്ക് എത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. ചമോലിയിൽ കൂടുതൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.