പുട്ടിനും ട്രംപും ഭായി ഭായി , സൗദിയില്‍ റഷ്യൻ-അമേരിക്കൻ ഉദ്യോഗസ്ഥരുടെ ചര്‍ച്ച, ഉക്രൈനെ ക്ഷണിച്ചില്ല

റിയാദ്: ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി റഷ്യയുടെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സൗദി അറേബ്യയിൽ യോഗം ചേർന്നു. റഷ്യയെ ഒറ്റപ്പെടുത്തുകയെന്ന യുഎസ് നയം തിരുത്തി കുറിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റിയാദിലെ ദിരിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുകയെന്നതാണ് റിയാദിലെ യോഗത്തിന്റെ ലക്ഷ്യം.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നല്‍കുമെന്ന് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുടിനുമായി ഫോണിലൂടെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, ഉക്രേനിയൻ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കില്ല. യോഗവുമായി ബന്ധപ്പെട്ടുള്ള തീരുമാനം എന്തായാലും അത് അംഗീകരിക്കില്ലെന്ന് ഉക്രേനിയൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി തിങ്കളാഴ്ച പറഞ്ഞു.