ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിയ യുവ ഡോക്ടർ മരിച്ചു

പാറശാല:
ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിയ യുവ ഡോക്ടർ മരിച്ചു. തേങ്ങാപട്ടണം സ്വദേശി ഡോക്ടർ അജേഷ് തങ്കരാജ് (27) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്ക് ഉള്ള ബസിൽ യാത്ര ചെയ്യവെ അമരവിള എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ശേഷം, അമരവിള ആനക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അജേഷിന് അല്പ സമയത്തിനുള്ളിൽ മരണം സംഭവിച്ചു. മഹാരാഷ്ട്രയിലെ മെഡിക്കൽ കോളജിൽ പി ജി ഡോക്ടറായ അജേഷ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.