സുനിത വില്യംസ് നാളെ ഭൂമിയിലെത്തും
ഫ്ളോറിഡ:
ഒമ്പതു മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ചൊവ്വാഴ്ച ഭൂമിയിലേക്ക് യാത്ര തിരിക്കും. നിലയത്തിലുള്ള ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് മടക്കം.പകൽ 11 ന് നിലയത്തിൽ നിന്ന് പേടകം അൺഡോക്ക് ചെയ്യും. തുടർന്ന് 17 മണിക്കൂർ നീളുന്ന യാത്ര. ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് പേടകത്തെ ഭൂമിയിലേക്ക് വഴി തിരിച്ചു വിടുന്ന നിർണായക ജ്വലനം. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം കടക്കുന്ന പേടകത്തിന്റെ വേഗത കുറച്ച് പുലർച്ചെ നാലോടെ ഫ്ളോറിഡ തീരത്തിനടുത്ത് അറ്റ്ലാന്റിക്കിൽ സുരക്ഷിതമായി ഇറക്കുകയാണ് ലക്ഷ്യം.