കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം: രണ്ട് അമൃത് ഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു
ന്യൂഡൽഹി:
കേരളത്തിലെ സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വാസമായി രണ്ട് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചത്. കുറഞ്ഞ ചിലവിൽ അതിവേഗ യാത്ര ഉറപ്പാക്കുന്ന അൺറിസർവ്ഡ് ദീർഘദൂര ട്രെയിനുകളാണ് അമൃത് ഭാരത്.
പുതിയ റൂട്ടുകൾ ഇവയാണ്
കേരളത്തെ തമിഴ്നാടുമായും തെലങ്കാനയുമായും ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്:
- തിരുവനന്തപുരം – ഹൈദരാബാദ്
- തിരുവനന്തപുരം – താംബരം (ചെന്നൈ)
തൃശ്ശൂർ – ഗുരുവായൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വരുന്നത്. കൂടാതെ, തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും കേരളത്തിന് നേരത്തെ അനുവദിച്ചിരുന്നു.
സാധാരണക്കാർക്ക് മുൻഗണന
പുഷ്-പുൾ (Push-Pull) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ സാധാരണക്കാരായ യാത്രക്കാരെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂർണ്ണമായും നോൺ-എസി കോച്ചുകളുള്ള ഈ ട്രെയിനിൽ മികച്ച സീറ്റുകൾ, ആധുനിക ശുചിമുറികൾ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കേരളത്തിലെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ എൻഡിഎ സർക്കാരിന് മാത്രമേ സാധിക്കൂവെന്നും ഇതിനായി മുൻകൈ എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നതായും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
