യു.പിയിൽ ‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചു

ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യു.പി സർക്കാർ . ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

‘ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു’ എന്നാണ് ഉത്തരവിൽ പറയുന്നത്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുത്.ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്‍റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വ്യക്തമാക്കിയിരുന്നു.

2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം പറയുന്ന അധികാരികൾക്ക് മാത്രമേ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശമുള്ളൂവെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. “ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണ്. അത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് പ്രസ്തുത നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് പൂർണ്ണമായും വിരുദ്ധവും 89 പ്രകാരം ലംഘനവുമാണ്,” ഉത്തരവിൽ പറയുന്നു.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. അതേസമയം, കയറ്റുമതിക്കായി ഉൽപ്പാദിപ്പിക്കുന്ന ഹലാൽ സർട്ടിഫിക്കേഷനുള്ള സാധനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News