വേറിട്ട വോട്ടഭ്യർത്ഥനയുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :
സംസ്കൃത ഭാഷ നിത്യജീവിതത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വിഭാഗം താമസിക്കുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ നെടുങ്കാട്. ഇവിടെയാണ് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സംസ്കൃതത്തിൽ വോട്ടഭ്യർത്ഥന നടത്തിയത്.ബി ജെ പി ജില്ല ഉപാധ്യക്ഷനും കോർപറേഷൻ കൗൺസിലറുമായ കരമന അജിത്താണ് വേറിട്ട ഈ പ്രചാരണത്തിന് നേതൃത്വം നൽകിയത്.ചന്ദ്രശേഖരിന് വേണ്ടി സംസ്കൃതത്തിൽ ബാനറുകൾ കെട്ടിയും ലഘുരേഖകൾ വിതരണം ചെയ്തുമാണ് പ്രചാരണം. സിംഗിൾ സ്ട്രീറ്റ്, ശങ്കരൻ സുബയ്യ സ്ട്രീറ്റ്,ശിവൻ കോവിൽ സ്ട്രീറ്റ്, എസ് ബി സ്ട്രീറ്റ് തുടങ്ങിയ തെരുവുകളിലാണ് ഈ രീതിയിൽ പ്രചാരണം നടത്തിയത്.ഇവിടെ നിരവധി കുടുംബങ്ങളാണ് വീട്ടിലും നാട്ടിലും സംസ്കൃതം സംസാര ഭാഷയായി ഉപയോഗിക്കുന്നത്.ഈ ഭാഷ ഉപയോഗിക്കുന്ന ചായക്കട പോലും ഇവിടെയുണ്ട്. സംസ്കൃത പഠനത്തിനുള്ള സൗകര്യം ഇവിടെ പലയിടത്തും നൽകുന്നുണ്ട്.2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കരമന അജിത്ത് സത്യപ്രതിജ്ഞ വാചകം ചൊല്ലിയത് സംസ്കൃതത്തിലായിരുന്നത് അന്ന് വാർത്താ പ്രാധാന്യം നേടിയിരുന്നു.കരമന അജിത്തിന്റെ വാർഡ് കൂടിയാണ് നെടുങ്കാട്.