നോര്‍വേയില്‍ പരിശീലനത്തിന് പോകുന്ന കുഫോസ് വിദ്യാർത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി
മത്സ്യബന്ധനമേഖലയിലെ ആധുനിക സങ്കേതങ്ങളില്‍ പ്രായോഗിക പരിശീലനത്തിനായി നോര്‍വേയിലേക്ക് പോകുന്ന കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിസംഘത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രയയപ്പ് നല്‍കി. നോർവേയിലെ സർക്കാർ സ്ഥാപനമായ “നോഫിമ” യുമായി അക്കാദമിക സമ്മതപ്രതം ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് കുഫോസിൽ നിന്നുളള പത്തംഗസംഘം മൂന്നുമാസത്തെ പരിശീലനത്തിനായി നോർവേയിലേക്ക് പോകുന്നത്. പി.എച്ച്.ഡി വിദ്യാര്‍ത്ഥികളായ നയന്‍താര, നവീന്‍ നിവാസ്, അഭിനയ രാജേന്ദ്രന്‍, രവികുമാര്‍, രവി ശരത് ഭായ്, ഫാത്തിമ അഷ്‌റഫ്, രൂപ രാജന്‍, ചിന്നു രമണന്‍, ഗോകുല ഗോപിനാഥ് എന്നിവരും അദ്ധ്യാപിക സഫീന എം.പിയുമാണ് സംഘത്തിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന യാത്രയയപ്പില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ ടി. പ്രദീപ് കുമാര്‍, ഫിഷറീസ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. ബി അബ്ദുല്‍ നാസര്‍ ഐ.എ.എസ്, രജിസ്ട്രാറും പദ്ധതിയുടെ നോഡല്‍ ഓഫീസറുമായ ഡോ. ദിനേശ് കൈപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേത്യത്വത്തിലുള്ള ഔദ്യോഗിക സംഘം രണ്ടുവർഷം മുമ്പ് നോർവേ സന്ദർശിച്ചിരുന്നു. ഇതിന്റെ ഭാഗമായി നോര്‍വേയുമായി അക്കാദമിക ബന്ധം ദൃഢപ്പെടുത്തുവാൻ തീരുമാനിച്ചതിന്റെ തുടർച്ചയായി കുഫോസിൽ നോഡൽ ഓഫീസറെ നിയമിക്കുകയും ബജറ്റ് വിഹിതം നീക്കിവെക്കുകയും ചെയ്തിരുന്നു. നോർവേയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ മത്സ്യസംസ്ക്‌കരണം, മത്സ്യജീവശാസ്ത്രം, മത്സ്യരോഗനിവാരണം തുടങ്ങിയ മേഖലകളിലെ ഏറ്റവും ആധുനിക ലബോറട്ടറികളിൽ ഗവേഷണം ചെയ്ത് ലോക നിലവാരത്തിലുള്ള പരിജ്ഞാനം നേടും. ഇങ്ങനെ നേടുന്ന അറിവും പരിചയവും രാജ്യത്തിന്റെയും പ്രത്യേകിച്ചു കേരളത്തിന്റെയും മത്സ്യമേഖലയിൽ ഉപയോഗപ്പെടുത്തി മത്സ്യതൊഴിലാളികളും അടക്കമുളള മത്സ്യകർഷകരും ഉപജീവനാർത്ഥികളുടെ ഉന്നമനം യാഥാർത്ഥ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. രാജ്യത്തെ തന്നെ മുന്‍നിര അക്കാദമിക സ്ഥാപനങ്ങളില്‍ ഒന്നായ കുഫോസിന്റെ വളര്‍ച്ചയിലെ പുതിയ ചുവടുവെപ്പാണ് ലോകത്തെ മുന്‍നിര സ്ഥാപനങ്ങളുമായുള്ള അക്കാദമിക് എക്സ്ചേഞ്ച് പദ്ധതികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.