ശബരിമല സ്വർണ്ണക്കൊള്ള: ആശങ്കകൾ വാസ്തവം; പാളികൾ മാറിയെന്ന് ഹൈക്കോടതി
കൊച്ചി:
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ അടിസ്ഥാനമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. വിഎസ്എസ്‌സി (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്വർണ്ണപ്പാളികൾ മാറിയെന്ന സംശയം തെളിയിക്കപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.
1998-ൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ നിലവിൽ കുറവുണ്ടെന്നാണ് കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും സ്വർണ്ണം കുറവാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കവർച്ചയ്ക്കായി നടത്തിയ ആസൂത്രണത്തിന്റെ കണ്ണികൾ തിരിച്ചറിഞ്ഞതായും കുറ്റകൃത്യത്തിന്റെ രീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായും കോടതി വ്യക്തമാക്കി.
അന്വേഷണം തൃപ്തികരമെന്ന് കോടതി
പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി. കേസിൽ ഇതുവരെ 202 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയതായും 16 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്തണമെന്നും ഉരുക്കിയ സ്വർണ്ണം ഉൾപ്പെടെയുള്ളവ കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു.
