IFFK @2024 “മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി”

ആധുനിക ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ ശരീര രാഷ്ട്രീയം, IFFK യിലെ”മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി” എന്ന ചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രമേയവും അതാണ്. ഇന്ന് ലോകം സ്ത്രീ പുരുഷ വർഗ്ഗ സമരങ്ങൾക്ക് നടുവിലാണ് അതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും ചിന്തോദ്ദീപകവുമായ ഒരു ചിത്രമാണ് ഇത്, സോൾ കാർബല്ലോ അവതരിപ്പിച്ച 71 വയസ്സുള്ള ഒരു സ്ത്രീയുടെ ഭൂതകാലത്തെ ഒരു സവിശേഷമായ ആഖ്യാന സമീപനത്തിലൂടെ, ഒരു കാലഘട്ടത്തിൽ വളർന്നുവന്ന അന, പട്രീഷ്യ, മായേല എന്നീ മൂന്ന് സ്ത്രീകളുടെ കഥകളിലൂടെ ഈ സിനിമ കടന്ന് പോകുന്നു.

സ്ത്രീത്വത്തിൻ്റെ ശക്തവും വൈകാരികവുമായ അനുഭവതലം ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്നു. സാങ്കേതികമായി പറഞ്ഞാൽ ഛായാഗ്രഹണവും എഡിറ്റിംഗും ബലാബലം നിൽക്കുന്ന അപൂർവ്വ സിനിമകളിലൊന്ന് ആണിത്. ഫ്ലാഷ്ബാക്കുകൾക്കനുസരിച്ച് വീടിൻ്റെ ഓരോ മുറിയുടേയും ക്രമീകരണം മാറുന്നു കഥാപാത്രങ്ങൾ എവിടുന്നോ വന്ന് കയറുന്നു. ആശുപത്രിയും പ്രസവവാർഡും വക്കീലിൻ്റെ മുറിയും ക്ലാസ്സ് മുറികളും ഒരു വീടിൻ്റെ ഉള്ളിൽ മാത്രം നിറയുന്നു (CG സാധ്യതകൾ കൂടിച്ചേർന്നത്). പലപ്പോഴും ഒരു കലാനിലയം നാടക സ്റ്റേജ് ഓർമ്മപ്പെടുത്തുന്ന ഒന്ന് എന്ന് മാത്രമേ ഒരു ന്യൂനതയുള്ളൂ, അതിൽ കുറച്ച് outdoor ഷോട്ടുകൾ കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ആ കുറവ് പരിഹരിക്കാമായിരുന്നു, എങ്കിലും സമീപകാല സിനിമകളിൽ സവിശേഷമായ സിനിമയാണിത്.
