ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് കസ്റ്റഡിയിലായാല്‍ മന്ത്രി സ്ഥാനം നഷ്‌ടമാകും; സുപ്രധാന ബില്ല് ഇന്ന് ലോക്‌സഭയില്‍

30 ദിവസം തടവിലായാൽ പ്രധാനമന്ത്രിയടക്കം മന്ത്രിമാരുടെ കസേര തെറിക്കും
ന്യൂഡൽഹി:
ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസമെങ്കിലും ജയിലിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടപ്പെടുന്ന നിർണായക ഭേദഗതി ബില്ലുകൾ കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇതിലൊന്നു ഭരണഘടനാ ഭേദഗതി ബില്ലാണ്. ഇതുവരെ, ഭരണഘടന പ്രകാരം ശിക്ഷിക്കപ്പെട്ട ജന പ്രതിനിധികളെ മാത്രമേ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വരെ ബിൽ ബാധകമാകും.
5 വർഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിമാർ 30 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സാഹചര്യമുണ്ടായാൽ മന്ത്രിയെ നീക്കംചെയ്യാൻ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാർശ ചെയ്യണം. പ്രധാനമന്ത്രി അഥവാ ശുപാർശ ചെയ്തില്ലെങ്കിലും 31-ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. ഇനി പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കിൽ രാജിവയ്ക്കണം. രാജിവച്ചില്ലെങ്കിൽ 31–ാം ദിവസം സ്ഥാനം തനിയെ നഷ്ടമാകും.
സംസ്ഥാനങ്ങളിൽ മന്ത്രിമാർ ഇത്തരത്തിൽ അറസ്റ്റിലായാൽ സ്ഥാനത്തുനിന്നു നീക്കാൻ മുഖ്യമന്ത്രി ഗവർണറോടു ശുപാർശ ചെയ്യണം. കേന്ദ്രഭരണപ്രദേശമെങ്കിൽ രാഷ്ട്രപതിക്കാണ് ശുപാർശ നൽകേണ്ടത്.