ക്രിമിനൽ പശ്ചാത്തലമുള്ള വട്ടിപ്പലിശക്കാരനായ റിട്ട. പൊലീസുകാരന്റെയും ഭാര്യയുടെയും ഭീഷണി; വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

പൊലീസ് സ്റ്റേഷനിൽ വച്ചും പൊലീസുകാർക്ക് മുന്നിൽ വച്ചും പ്രദീപ് കുമാർ ആശയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം
കൊച്ചി:
പണമിടപാടിനെച്ചൊല്ലി റിട്ട. പൊലീസുകാരനും ഭാര്യയും ഭീഷണിപ്പെടുത്തിയ വീട്ടമ്മ പുഴയിൽ മരിച്ചനിലയിൽ. കോട്ടുവള്ളി സൗത്ത് റേഷൻകടക്ക് സമീപം പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയെയാണ് (46) ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കടവിൽ മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവരെ വീട്ടിൽനിന്ന് കാണാതായിരുന്നു. ഭീഷണിയെ തുടർന്ന് നാലുദിവസം മുൻപും ആശ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
2022ൽ കോട്ടുവള്ളി സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് ആശ പലപ്രാവശ്യമായി വിവിധ ആവശ്യങ്ങൾക്ക് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് കൊടുത്തുതീർത്തതായും പറയുന്നു. എന്നാൽ, കൂടുതൽ തുക നൽകാനുണ്ടെന്നും എത്രയുംവേഗം നൽകണമെന്നും പറഞ്ഞ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനടക്കം ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. സംഭവത്തിൽ മാനസികസമ്മർദത്തിലായ വീട്ടമ്മയെ നാലുദിവസം മുമ്പ് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവർ എസ് പി ഓഫിസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തി.
എറണാകുളം പറവൂരിലെ ആശ ബെന്നിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പണം പലിശയ്ക്ക് നൽകിയ പ്രദീപ് കുമാർ പൊലീസ് സ്റ്റേഷനിൽ വച്ച് ആശയെ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. മുതലും പലിശയും തിരിച്ച് നൽകിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മരിക്കുന്നതെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. 2022 മുതലാണ് റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിൽ നിന്ന് പലതവണകളിലായി ആശ 10 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയത്. പലിശ ഉൾപ്പെടെ 30 ലക്ഷത്തോളം രൂപ തിരിച്ചടച്ചെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയും പ്രദീപ് കുമാറും ഭാര്യയും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ഉച്ചയോടെ വീട്ടിൽനിന്ന് ഇറങ്ങിയ ആശ പുഴയിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.