പി. ശശി ഒരു തെറ്റും ചെയ്തിട്ടില്ല, അൻവറിന്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു : മുഖ്യമന്ത്രി
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ അൻവറിന്റെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂ എന്ന് മുഖ്യമന്ത്രി വിശദമാക്കി. പി.വി അൻവർ ആദ്യം വാർത്ത സമ്മേളനം നടത്തിയപ്പോൾ തന്നെ താൻ തന്റെ ഓഫീസിൽ നിന്ന് അദ്ദേഹത്തെ വിളിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. സംസാരിക്കുന്ന കോൾ റെക്കോർഡ് പുറത്തുവിടുന്ന ആളായി അൻവർ മാറിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.