ചൈന മുതല്‍ യൂറോപ്യൻ രാജ്യങ്ങളെ വരെ “വിറപ്പിച്ച്” ഇന്ത്യയുടെ അഗ്‌നി 5 പരീക്ഷണം –

ന്യൂഡൽഹി/ബാലസോർ:
അഗ്നി-5 ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പാകിസ്ഥാനും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങള്‍ മുതല്‍ യൂറോപ്യൻ രാജ്യങ്ങളെ വരെ ലക്ഷ്യം വയ്‌ക്കാൻ സാധിക്കുന്ന 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അത്യാധുനിക മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ഒഡീഷയിലെ ചാന്ദിപൂരിലെ ഇൻ്റർഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് അഗ്നി-5 വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈലിൻ്റെ വിക്ഷേപണം വിജയകരമായെന്നും സാങ്കേതിക വശങ്ങളെല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിൻ്റെ ആഭിമുഖ്യത്തിലാണ് വിക്ഷേപണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. “ഓഗസ്റ്റ് 20 ന് ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ‘അഗ്നി 5’ വിജയകരമായി പരീക്ഷിച്ചു,” മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ കൂടുതല്‍ മിസൈലുകള്‍ ഇന്ത്യ പരീക്ഷിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനയും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം നല്‍കുന്നു.