വിടവാങ്ങുന്ന ചിന്തകനായ കലാകാരൻ: ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് രാവിലെ 11 ന്
എറണാകുളം:
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ താരം ശ്രീനിവാസന്റെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും. രാവിലെ പത്ത് മണിക്ക് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും കേരളത്തിന്റെ ഈ പ്രിയപുത്രന് നാട് വിടചൊല്ലുന്നത്.
ശ്രീനിവാസൻ ഏറെ താല്പര്യത്തോടെ ജൈവകൃഷി നടത്തിയിരുന്ന അതേ മണ്ണിൽ തന്നെയായിരിക്കും അദ്ദേഹത്തിന് അന്ത്യവിശ്രമസ്ഥാനമൊരുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസിന്റെ ഗാർഡ് ഓഫ് ഓണറും ബ്യൂഗിൾ സല്യൂട്ടും ചടങ്ങിലുണ്ടാകും.
അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗത്തെ പ്രമുഖർക്കൊപ്പം തങ്ങളുടെ പ്രിയപ്പെട്ട നടനെ അവസാനമായി ഒരുനോക്ക് കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരും ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി.
കണ്ടനാട്ടെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നിശ്ചയിച്ച സമയത്ത് തന്നെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മലയാള സിനിമയിലെ ഒരു യുഗത്തിന് തന്നെയാണ് ഇന്ന് ഔദ്യോഗികമായി തിരശ്ശീല വീഴുന്നത്.
