ദക്ഷിണാഫ്രിക്കയിൽ നടുക്കുന്ന കൂട്ടക്കൊലപാതകം: തെരുവിൽ കാൽനടയാത്രക്കാർക്ക് നേരെ വെടിവയ്പ്പ്; 10 മരണം
ജോഹന്നാസ്ബർഗ്:
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിന് സമീപമുള്ള ബെക്കേഴ്‌സ്‌ഡാൽ ടൗൺഷിപ്പിലുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്തെ ഒരു പ്രധാന സ്വർണ്ണ ഖനിക്കടുത്തുള്ള ദരിദ്ര മേഖലയിലാണ് സംഭവം നടന്നത്.
തെരുവിലൂടെ നടന്നുപോവുകയായിരുന്ന കാൽനടയാത്രക്കാർക്ക് നേരെ അക്രമികൾ പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് ബ്രിഗേഡിയർ ബ്രെൻഡ മുറിഡിലി സ്ഥിരീകരിച്ചു. അനധികൃതമായി മദ്യം വിൽക്കുന്ന ഒരു ബാറിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്പിന്റെ കൃത്യമായ കാരണവും അക്രമികൾ ആരാണെന്നതും സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ഈ മാസത്തെ രണ്ടാമത്തെ വലിയ ആക്രമണം
ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ വലിയ വെടിവയ്പ്പാണിത്. ഡിസംബർ 6-ന് പ്രിട്ടോറിയയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജോഹന്നാസ്ബർഗിനെ നടുക്കിയ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
പരിക്കേറ്റവർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പ്രദേശം വളഞ്ഞ പോലീസ് അക്രമികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ വർധിച്ചുവരുന്ന തോക്ക് അക്രമങ്ങളിൽ രാജ്യവ്യാപകമായി ആശങ്ക ഉയരുകയാണ്.
