ഗസ്സയിൽ നാലുദിവസത്തെ വെടിനിർത്തലിന് കരാർ;ഹമാസ് 50 ബന്ദികളെ മോചിപ്പിക്കും.

ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി.50 ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയായി. 150 പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന് ഇസ്രയേലും അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്.യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നത്.
150ഓളം ബന്ദികളാണ് ഹമാസിൻറെ പിടിയിലുള്ളത്. അവരിൽ 50 പേരെയാണ് മോചിപ്പിക്കുക. 30 കുട്ടികളെയും 20 സ്ത്രീകളെയുമാണ് മോചിപ്പിക്കുക. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസമായാണ് മോചനം. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തില്ലെന്നാണ് കരാർ. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിൻറെ തീരുമാനം.
വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജയിലുകളിൽ കഴിയുന്ന പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനും ഇസ്രായേൽ അനുമതി നൽകി. എന്നാൽ എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ വെളിപ്പെടുത്തിയിട്ടില്ല. 150 പേരെ മോചിപ്പിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


