അഭിപ്രായസ്വാതന്ത്ര്യം തടയാനുള്ള കേന്ദ്ര നീക്കം സുപ്രീംകോടതി തടഞ്ഞു.

ന്യൂഡൽഹി:
സമൂഹ മാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യം തടയാനും ഓൺലൈൻ സെൻസർഷിപ്പ് ഏർപ്പെടുത്താനുമുള്ള കേന്ദസർക്കാർ നീക്കം തടഞ്ഞ് സുപ്രീംകോടതി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാധ്യങ്ങളിൽനിന്ന് കേന്ദ്രത്തിനെതിരായ റിപ്പോർട്ടുകൾ നീക്കം ചെയ്യാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് അധികാരം നൽകി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. വ്യാജ വിവരങ്ങൾ’ നീക്കം ചെയ്യാൻ പിഐബിയെ വസ്തുതാപരിശോധന വിഭാഗമായി ചുമതലപ്പെടുത്തി, ഐടി മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനമാണ് ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് സ്റ്റേ ചെയ്തത്. കേന്ദസർക്കാരുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പരിശോധിക്കാനെന്ന പേരിലാണ് ഫാക്ട് ചെക്ക് യൂണിറ്റിന് നിർദ്ദേശം നൽകിയത്. ഫെയ്സ്ബുക്ക്, എക്സ് തുടങ്ങിയ മാധ്യമങ്ങളും പിഐബി നിർദേശം പാലിക്കേണ്ടിവരും.