പ്രാണപ്രതിഷ്ഠ ഇന്ന് .അയോധ്യ ഒരുങ്ങി;പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനൻ പ്രധാനമന്ത്രി

പുതുതായി പണികഴിപ്പിച്ച രാമ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് അയോധ്യ ഒരുങ്ങി. തിങ്കളാഴ്ച ക്ഷേത്രനഗരിയില്‍ ആര്‍ഭാടത്തോടെ നടക്കുന്ന ചടങ്ങിന് രാജ്യത്തെ ഒട്ടേറെ പ്രമുഖര്‍ സാക്ഷിയാകും. പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, നഗരം മുഴുവനും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു.
ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്ക്ക് 12.20 ന് ആരംഭിച്ച് 1 മണി വരെ തുടരും. ഒരാഴ്ച മുമ്പ് ജനുവരി 16ന് ചടങ്ങുകളുടെ പ്രാരംഭ ഘട്ടം ആരംഭിച്ചിരുന്നു. ജനുവരി 23 മുതല്‍ രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. രാജ്യത്തെ പല നഗരങ്ങളിലും പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിലൂടെ ജനങ്ങള്‍ ചടങ്ങിന്റെ ഭാഗമാകണമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനൻ പ്രധാനമന്ത്രി. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും.ഇന്ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ 84 സെക്കൻഡ് ആയിരിക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ദൈർഘ്യം. ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരതി നടത്തും. 56 വിഭവങ്ങളോടുകൂടിയ നിവേദ്യമാകും ആദ്യം രാംലല്ലയ്ക്ക് നേദിക്കുക.
പ്രതിഷ്ഠാ ദിനം ദീപാവലി പോലെ മണ്‍വിളക്കുകള്‍ കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടും ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതോടൊപ്പം പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേക്ക് വരാൻ തിരക്കുകൂട്ടരുതെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഔപചാരികമായ പരിപാടി കഴിഞ്ഞാൽ എല്ലാ ഭക്തർക്കും അവരുടെ സൗകര്യമനുസരിച്ച് അയോധ്യയിൽ വരാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങൾ അയോധ്യയിൽ ശക്തമാക്കി. ഖാലിസ്ഥാൻ ഭീകരവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു പേരെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അയോധ്യയുടെ മാപ്പ് തയ്യാറാക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

