മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് മീനുകൾ എറിഞ്ഞ് പ്രതിഷേധം,പിന്നാലെ ആവശ്യങ്ങൾ അംഗീകരിച്ചു ,പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കർഷകർ

കൊച്ചി:
പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേർന്നാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാർ ചത്തുപൊന്തിയ മീനുകൾ എറിഞ്ഞു. അടുത്ത മാസം വിളവെടുക്കാൻ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. മീൻവളർത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്.
പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിന് സ്ഥലത്തെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയറുടെ വാഹനവും പ്രതിഷേധക്കാർ തടഞ്ഞു. ഇന്നലെ രാവിലെ അലൈൻസ് മറൈൻ പ്രോഡക്റ്റ് എന്ന കമ്പനി രാസമാലിന്യം ഒഴുകിയതിന്റെ ലക്ഷണങ്ങൾ കണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മീനുകൾ ചത്തു പൊങ്ങാനുള്ള കാരണം അതാണോ എന്ന് വ്യക്തമായിട്ടില്ല. മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴി വേസ്റ്റ് പ്രോസ്സസ് ചെയ്യുന്ന കമ്പനിയാണ് അലൈൻസ് മറൈൻ. കമ്പനി അടച്ചു പൂട്ടുന്നതിനു മുന്നോടിയായി വിശദീകരണം ചോദിച്ച് നോട്ടീസ് നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
പെരിയാറിലെ മത്സ്യക്കുരുതിയിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം മത്സ്യക്കർഷകർ അവസാനിപ്പിച്ചു. മത്സ്യക്കർഷകരുടെ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നഷ്ട പരിഹാരത്തിന് ഇടപെടൽ നടത്താമെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. അഞ്ച് ദിവസത്തിനുള്ളിൽ ആവശ്യങ്ങളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ ശക്തമായിട്ടുള്ള പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മത്സ്യക്കർഷകർ അറിയിച്ചു.