വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിൽ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

കോവളം സ്വദേശി റഫീഖ ബീവി, റഫീഖയുടെ മകൻ ഷഫീക്ക്, റഫീഖയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കാണ് ശിക്ഷ.
തിരുവനന്തപുരം:
തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. സ്വര്‍ണം കവരാനായി ശാന്തകുമാരിയെ കൊന്ന ശേഷം മൃതദേഹം ഒളിപ്പിച്ച കേസിലാണ് മൂന്ന് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. 2022ലാണ് ശാന്തകുമാരി കൊല്ലപ്പെട്ടത്.
കേസിലെ പ്രതികളായ റഫീഖാ ബീവി, മകന്‍ ഷഫീഖ്, സഹായി അല്‍ അമീന്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2022 ജനുവരി 14 നാണ് പ്രതികള്‍ എഴുപത്തിയൊന്നുകാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ശാന്തകുമാരിയുടെ മൃതദേഹം വീടിന്റെ മച്ചില്‍ ഒളിപ്പിക്കുകയായിരുന്നു.
വിഴിഞ്ഞം സ്വദേശിയായ 74 വയസ്സുകാരി ശാന്തകുമാരിയുടെ വീട്ടിൽ വാടകക്ക് താമസിച്ചവരാണ് പ്രതികള്‍. ശാന്തകുമാരി തൊട്ടടുത്തുള്ള വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവരാൻ പ്രതികള്‍ ആസൂത്രണം നടത്തി. 2022 ജനുവരി 14നാണ് പ്രതികള്‍ ശാന്തകുമാരിയുടെ തലക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം വീട്ടിൻെറ മച്ചിന് മുകളിൽ വച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
വിധവയായ ശാന്തകുമാരി ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. മകൻ ഹോട്ടൽ വ്യവസായിയും മകൾ ആന്ധ്രപ്രദേശിലുമാണ്. കുടുംബ വീട്ടിൽ ഭർത്താവിൻ്റെ അസ്ഥിത്തറയിൽ സ്ഥിരം വിളക്ക് കത്തിച്ചുവച്ചു കഴിഞ്ഞിരുന്ന ശാന്തകുമാരി എപ്പോഴും സ്വർണാഭരണങ്ങൾ അണിഞ്ഞു വന്നിരിന്നു. ഒന്നാം പ്രതി റഫീഖ സൗഹൃദത്തിൽ ഏർപ്പെട്ട ശേഷം ശാന്തകുമാരിയെ സംഭവദിവസം പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി. മറ്റ് രണ്ടുപ്രതികൾ തുണി കൊണ്ടുള്ള കുരുക്കിട്ട് കഴുത്തു ഞെരിച്ച നേരം ഒന്നാം പ്രതി ഒരു ഇരുമ്പ് ചുറ്റിക കൊണ്ട് ശാന്തകുമാരിയെ തലയ്ക്കടിച്ചും തുടർന്ന് രണ്ടാം പ്രതി അതേ ചുറ്റിക ഉപയോഗിച്ച് നെറ്റിയിലും തലയുടെ മറ്റു ഭാഗങ്ങളിലും അടിച്ചുമാണ് കൊലപാതകം നടത്തിയത്.
ടൂറിസ്റ്റ് ബസ്സിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ കഴക്കൂട്ടത്ത് വച്ച് വിഴിഞ്ഞം പൊലിസ് പിടികൂടി. ഈ കേസിൽ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു വീട്ടിൽ വാടകക്ക് താമസിക്കുമ്പോള്‍ 14 വയസ്സുകാരിയെയും തലക്കടിച്ച് കൊലപ്പെടുത്തിയ കാര്യം പ്രതികള്‍ വെളിപ്പെടുത്തുന്നത്. കോവളം പൊലീസെടുത്ത കേസ് തെളിയിക്കപ്പെടാതെ കിടക്കുകയായിരുന്നു.
ശാന്തകുമാരിയെ കൊലപ്പെടുത്തിയ ഇതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയെും കൊലപ്പെടുത്തിയത്. ഒരു ദയയും അർഹിക്കാത്ത കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, മോഷണം, ഭവനഭേദനം, ഗൂഡാലോചന, തെളിവു നശിപ്പിക്കൽ, എന്നിവയെല്ലാം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ശാന്തകുമാരിയുടെ ശരീരത്തിൽ നിന്നും മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ കുറച്ച് വിറ്റ ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഈ തൊണ്ടിമുതലുകളെല്ലാം കണ്ടെത്തിയിരുന്നു,
സിസിടിവി ദൃശ്യങ്ങളാണ് ശാന്തകുമാരി വധക്കേസിലെ അന്വേഷണത്തിൽ നിർണായക തെളിവായത്. സ്വർണാഭരണങ്ങളിൽ ചിലത് ജൂവലറിയിൽ നിന്നും ബാക്കിയുള്ളവ പ്രതികളുടെ പക്കൽനിന്നും വിഴിഞ്ഞം പോലീസ് കണ്ടെടുത്തു. മൂന്നാംപ്രതി ഷെഫീഖ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. ഇവർ മൂന്നുപേരും തിരുവനന്തപുരം, നെയ്യാറ്റിൻകര പോക്സോ കോടതികളിൽ വിചാരണയിലുള്ള പോക്‌സോ കേസുകളിലും പ്രതികളാണ്.