പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച

വത്തിക്കാൻ സിറ്റി :
പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. നാളെ 12.30 മുതൽ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം നടത്തും.
മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന സന്ദേശത്തിൽ പറഞ്ഞിരുന്നു.
അതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു.
പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. രാത്രിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്. മാർപാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാന്‍ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും.