മന്ത്രി ശിവന്കുട്ടിയെ പ്രശംസിച്ച് കാന്തപുരം മുസലിയാർ

കോഴിക്കോട്:
സ്കൂൾ വേനലവധി മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ചൂട് കൂടുന്ന മെയ് മാസവും മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകണമെന്നും, വർഷത്തിലെ മൂന്ന് പരീക്ഷകൾ രണ്ടായി ചുരുക്കാമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിലൂടെ തീരുമാനങ്ങൾ എടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാൻ കഴിയുമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
മർക്കസിലെ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു കാന്തപുരത്തിൻ്റെ നിർദേശങ്ങൾ. പരാതികളും അപേക്ഷകളും നൽകുമ്പോൾ ‘പഠിച്ചിട്ട് പറയാം’ എന്ന് മന്ത്രി പറയുന്നത് ബുദ്ധിയുടെ ലക്ഷണമാണെന്നും കാന്തപുരം പ്രശംസിച്ചു. ഇതിന് മറുപടിയായി താൻ ഉസ്താദിൻ്റെ ആരാധകനാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് മാറ്റം വേണം, എന്തു മാറ്റം വരുത്തിയാലും ചർച്ച നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.