ദുബായ് എയർഷോയിൽ ദുരന്തം: ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണു, പൈലറ്റ് വീരമൃത്യു
കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ ദുബായ് എയർഷോയുടെ സമാപന ദിനം സമാധാനപരമായി നീങ്ങുകയായിരുന്നു. അപ്പോഴാണ്, യുഎഇ സമയം ഉച്ചയ്ക്ക് 2.10 ഓടെ, ആ കാഴ്ച കണ്ടവരെ ഞെട്ടിച്ചത്. ഇന്ത്യയുടെ അഭിമാനമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ‘തേജസ്’ (Tejas) ആകാശത്ത് നിന്നും നിലം പതിച്ചു.
ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചക്കാർക്ക് മുന്നിൽ വിസ്മയം തീർക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് വീരമൃത്യു വരിച്ചതായി ഇന്ത്യൻ വ്യോമസേന (IAF) സ്ഥിരീകരിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു ജനക്കൂട്ടം എയർഷോ കാണാനെത്തിയ സമയത്താണ് സംഭവം. ഉഗ്രശബ്ദത്തോടെ തകർന്നുവീണ വിമാനത്തിൽ നിന്നും കറുത്ത പുക ഉയർന്നു. സൈറൺ മുഴങ്ങിയതോടെ പരിഭ്രാന്തരായ കാണികൾ പലരും ഓടി രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് എയർഷോ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, പിന്നീട് രണ്ടര മണിക്കൂറിന് ശേഷം പുനരാരംഭിച്ചു. ദുരന്തത്തിന്റെ കാരണം കണ്ടെത്താനായി ഇന്ത്യൻ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
