ഗുരുവായൂർ കേശവന് പ്രണാമമർപ്പിച്ചു


ഗുരുവായൂർ:
ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ ഗജരാജൻ കേശവന് ആനത്താവളത്തിലെ ഒൻപത് ആനകൾ പ്രണാമമർപ്പിച്ചു. 1976 ഡിസംബർ 2 ന് ചരിഞ്ഞ കേശവൻ ക്ഷേത്രത്തിലെ തലയെടുപ്പുള്ള ഗജരാജനായിരുന്നു. രാവിലെ ഏഴു മണിയോടെ ഗുരുവായൂർ കേശവൻ അനുസ്മരണ ഘോഷയാത്ര തിരുവെങ്കിടചലപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തും. കേശവന്റെ ഛായാചിത്രം വഹിച്ച് ഇന്ദ്രസെന്നും, ഗുരുവായൂരപ്പന്റെ ചിത്രം വഹിച്ച് ബൽറാമും, മഹാലക്ഷ്മിയുടെ ചിത്രം വഹിച്ച് ഗോപീകണ്ണനും ഘോഷയാത്രയ്ക്ക് മികവേകി.ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തിയ ഘോഷയാത്ര പ്രദക്ഷിണം ചെയ്ത ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള കേശവന്റെ പൂർണ്ണകായ പ്രതി മയക്കു മുന്നിൽ അണി നിരന്നു.

അതിനുശേഷം ഇന്ദ്രസെൻ കേശവന് പുഷ്‌പചക്രം അർപ്പിച്ചു. പുഷ്‌പാർച്ചനയ്ക്കു ശേഷം അവിൽ, മലർ, പഴം, ശർക്കര, കരിമ്പ് എന്നിവയുൾപ്പെട്ട ആനയൂട്ടും നടന്നു. ആയിരക്കണക്കിന് ഭക്തർ ചടങ്ങ് കാണാനെത്തി. ഗുരുവായൂരമ്പലത്തിൽ 50 വർഷം സേവനം ചെയ്തതിന്റെ ബഹുമാനാർത്ഥം കേശവനെ ‘ഗജരാജൻ’ എന്ന ബഹുമതി നൽകി 1973-ൽ ആദരിച്ചിരുന്നു. 54 വർഷം സേവനം അനുഷ്ഠിച്ച ഈ ആന ഗുരുവായൂർ ഏകാദശി ദിവസമായിരുന്ന 1976 ഡിസംബർ 2 ന് പുലർച്ചെ മൂന്നു മണിയോടെ ചരിഞ്ഞു. ചരിയുമ്പോൾ കേശവന് 72 വയസ്സായിരുന്നു.


