ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ജനങ്ങൾ ആർക്കൊപ്പമെന്നതിൽ വ്യക്തതയുണ്ടാകും. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ബാലറ്റുകളായിരിക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.
കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അതോറിറ്റി ലെറ്റര്‍ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.
പോളിങ് കുറഞ്ഞെങ്കിലും പാലക്കാട് തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎയും എല്‍ഡിഎഫും. പാലക്കാടിനൊപ്പം പ്രിയങ്ക ഗാന്ധിയിലൂടെ വയനാടും നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. അതേസമയം ചേലക്കര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്പോള്‍ നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.