ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചു

തൃശൂർ:
ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചുകയറിയത് ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. 2021ലെ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും.
12,201 വോട്ടിനാണ് യു ആർ പ്രദീപ് രണ്ടാംതവണ ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തുന്നത്. 64,827 വോട്ടാണ് പ്രദീപിന് ലഭിച്ചത്. 52,626 വോട്ടുകൾ രമ്യാ ഹരിദാസിന് ലഭിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ചപ്പോൾ മണ്ഡലത്തിലുൾപ്പെടുന്ന ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ ആ പ്രതീക്ഷകൾ അസ്ഥാനത്തായി. എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ 33,609 വോട്ട് നേടി. 9564 വോട്ടുകള്‍ ഇത്തവണ എൻഡിഎക്ക് അധികം ലഭിച്ചു. കോൺഗ്രസ് വോട്ടുകൾ 8611 വർധിച്ചു. എൽഡിഎഫിന് 2021നെ അപേക്ഷിച്ച് 18,488 വോട്ടുകൾ കുറഞ്ഞു.