മോദി, ഷി ജിങ് പിന്നുമായുള്ള കൂടിക്കാഴ്ചയില്‍ പരസ്പര സഹകരണത്തിന് ഊന്നല്‍

 മോദി, ഷി ജിങ് പിന്നുമായുള്ള കൂടിക്കാഴ്ചയില്‍ പരസ്പര സഹകരണത്തിന് ഊന്നല്‍

ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചെപ്പടുത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. പരസ്പരവിശ്വാസവും പരസ്പരബഹുമാനമാണ് സഹകരണത്തിന് അടിത്തറയാകേണ്ടതെന്നും മോദി വ്യക്തമാക്കി. ഇന്ത്യാ – ചൈന അതിര്‍ത്തി ധാരണ ചര്‍ച്ചയില്‍ മോദി സ്വാഗതം ചെയ്തു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ആഗോള സമാധാനത്തിനും പുരോഗതിയ്ക്കും അനിവാര്യമാണെന്നും മോദി വ്യക്തമാക്കി.

അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിങ്ങിനായി ഇന്ത്യയുമായി ധാരണയായതിനെ തുടര്‍ന്നാണ് കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി ജിങ് പിന്‍ കൂടിക്കാഴ്ച നടന്നത്. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടേയും പ്രത്യേക പ്രതിനിധികളടങ്ങിയ സമിതി എത്രയും വേഗം യോഗം ചേരാനും ധാരണയായി.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് യു എ ഇ, ഈജിപ്ത്, എത്യോപ്യ, ഇറാന്‍ എന്നീ നാലു പുതിയ രാജ്യങ്ങള്‍ എത്തിയശേഷം നടക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. തുര്‍ക്കി, അസര്‍ബൈജാന്‍, മലേഷ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ ബ്രിക്സില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നാറ്റോ സഖ്യത്തിലുള്‍പ്പെട്ട തുര്‍ക്കിയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിലേക്ക് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ എത്തിയിരുന്നു. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.. ഗുട്ടറസ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും യു എന്നിന്റെ സല്‍പ്പേരിന് അത് കോട്ടം തട്ടിക്കുമെന്നും യുക്രൈയ്ന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News