ഇഡിക്ക് ലക്ഷം രൂപ പിഴയിട്ട് മുംബൈ കോടതി

മുംബൈ:
കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഒരു ലക്ഷം രൂപ പിഴയിട്ട് ബോംബെ ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ മുംബൈയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി രാകേഷ് ജയിനെതിരെ മതിയായ കാരണമില്ലാതെ അന്വേഷണം നടത്തിയതിനാണ് നടപടി. കേന്ദ്ര ഏജൻസികൾ നിയമം പാലിച്ച് പ്രവർത്തിക്കണം. ഇഡി നിയമം കൈയിലെടുക്കരുതെന്നും സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ജാദവ് നിരീക്ഷിച്ചു. രാകേഷ് ജെയിനുമായി ഭൂമിയിടപാട് നടത്തിയ വ്യക്തി വിലെപാർലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇഡിയുടെ നടപടി വിശ്വാസ യോഗ്യമല്ലാത്തതിനാലാണ് പിഴ ചുമത്തുന്നതെന്ന് കോടതി പറഞ്ഞു.