ദേശീയ പുരസ്കാര വേദിയിലും വിസ്‌മയമായി മോഹന്‍ലാല്‍, രാഷ്ട്രപതി ദ്രൗപതി മുർമുവില്‍നിന്ന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി

“സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനമാണ്,” മോഹന്‍ലാല്‍ മലയാളത്തിൽ പറഞ്ഞു, “ജയ് ഹിന്ദ്” എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.
71-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവില്‍നിന്ന് ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. പുരസ്കാര വിതരണ ചടങ്ങില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ പ്രശംസിച്ച് സംസാരിച്ചു. ലാലേട്ടാ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സംസാരിച്ചു തുടങ്ങിയത്. ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ എന്ന നടൻ നൽകിയ സംഭാവനകളെക്കുറിച്ചും നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളുടെ പ്രിയപ്പെട്ട താരമായി മാറിയ മോഹൻലാൽ ഒരു അത്യുഗ്രൻ നടൻ ആണെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
മലയാള സിനിമയ്ക്കും മലയാളികൾക്കും തന്നെ തേടിയെത്തിയ അംഗീകാരം സമർപ്പിക്കുന്നതായി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹൻലാൽ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹേബ് ഫാൽക്കേയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങിയതിൽ അഭിമാനം ഉണ്ട്. മലയാള സിനിമയുടെ പ്രതിനിധി എന്ന നിലയിൽ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിലും ഞാൻ ഏറെ അഭിമാനിക്കുന്നു. അംഗീകാരം വ്യക്തിപരമായ നേട്ടമാണെന്ന് താൻ കരുത്തുന്നില്ല. മുഴുവൻ മലയാള സിനിമയുടേയും നേട്ടമാണിത്. മലയാള സിനിമ വ്യവസായത്തിൻ്റെ പാരമ്പര്യത്തിനും ക്രിയാത്മകതയ്ക്കുമുള്ള സമർപ്പണമായാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.
മലയാള സിനിമയെ ഇന്നു കാണുന്ന തരത്തിൽ വളർത്തി വലുതാക്കിയവർക്ക് വേണ്ടി ഈയൊരു പുരസ്കാരം വാങ്ങാൻ നിയോഗിക്കപ്പെട്ട ആളാണ് താൻ. ഈയൊരു നിമിഷം താൻ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല എന്നും മോഹൻലാൽ വേദിയിൽ പറഞ്ഞു. മലയാള സിനിമയെ വളർത്തി വലുതാക്കിയ വിവേകശാലികളായ പ്രേക്ഷകർക്കും വലിയ പങ്കുണ്ട്. അവരെയും ഈ നിമിഷത്തിൽ ഓർക്കുന്നതായും മോഹൻലാൽ വ്യക്തമാക്കി. ചിതയിലാഴ്ന്ന് പോയതുമല്ലോ ചിരമനോഹരമായൊരു പൂവിത്- എന്ന കുമാരനാശാൻ്റെ വരികൾ ഉദ്ധരിച്ച്, സിനിമയുടെ വളച്ചയെ ഉത്തേജിപ്പിക്കുകയും വരും തലമുറയ്ക്ക് വഴികാട്ടുകയും ചെയ്ത മൺമറഞ്ഞ പ്രതിഭകൾക്കായി ഈ നിമിഷം സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അംഗീകാരത്തിനായി തന്നെ തിരഞ്ഞെടുത്ത പുരസ്കാര നിർണയ സമിതിക്കും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സർക്കാരിനും മോഹൻലാൽ നന്ദി അറിയിച്ചു. സിനിമ തൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണെന്ന് പറഞ്ഞാണ് ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.
മോഹൻലാലിൻ്റെ ഈ വാക്കുകൾ ദേശീയ പുരസ്കാര വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവിധ കഥാപാത്രങ്ങളായി മാറുന്ന മോഹൻലാൽ എന്ന നടൻ പലപ്പോഴും തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി അദ്ദേഹത്തിൻ്റെ വാനപ്രസ്ഥം എന്ന സിനിമ ഇന്ത്യൻ സിനിമയുടെ അഭിമാനമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വേദിയിൽ പറഞ്ഞു. മഹാഭാരതത്തെ അടിസ്ഥാനമാക്കി സംസ്കൃതത്തിൽ ഒരുക്കിയ കർണ്ണഭാരം എന്ന നാടകം മോഹൻലാലിനെ പോലൊരു നടൻ അവതരിപ്പിച്ചു ഫലിപ്പിച്ചത് അത്ഭുതമുളവാക്കുന്നു എന്നും രാഷ്ട്രപതി പറഞ്ഞു. ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്നും രാഷ്ട്രപതി പറഞ്ഞു.