കെഎസ്ഇബി സ്മാർട് മീറ്റർ പദ്ധതി ടെണ്ടർ മരവിപ്പിച്ചു
തിരുവനന്തപുരം: കെഎസ്ഇബി സ്മാർട് മീറ്റർ പദ്ധതി ടെണ്ടർ മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം വരുന്നത് വരെ ടെണ്ടർ നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി. ഉപഭോക്താക്കളിൽ വൻ തുക അടിച്ചേൽപ്പിക്കുന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒരു മീറ്ററിന് 9000 രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ഇതു ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ആയിരുന്നു തീരുമാനം. സിഐടിയു അടക്കം തൊഴിലാളി സംഘടനകൾ ഇതിനെതിരെ നിലപാടെടുത്തിരുന്നു.
വൈദ്യുതി മീറ്ററുകള്‍ ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനായിരുന്നു തീരുമാനം. വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന പരിഷ്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഊര്‍ജ്ജ മാന്ത്രാലയം സ്മാര്ട് മീറ്ററുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദശിച്ചത്. വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കാരിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് കേന്ദ്രസര്‍ക്കാര്‍ ടോട്ടക്‌സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം കൊണ്ടുവന്നതെന്നും ഇതിന് വഴങ്ങേണ്ട എന്നുമായിരുന്നു തൊഴിലാളികളുടെ നിലപാട്.
ഈ സംവിധാനം വരുന്നതോടെ ഉപയോഗ ശേഷം പണം നൽകുന്ന നിലവിലെ സമ്പ്രദായം അവസാനിക്കും. വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരും. അങ്ങിനെ വരുമ്പോൾ മീറ്ററിൽ പണമില്ലെങ്കിൽ വീട്ടിൽ താനേ കറണ്ടില്ലാതാകും. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി കമ്പനികൾ നഷ്ടക്കണക്കിൽ മുന്നോട്ട് പോകുന്ന സ്ഥിതി പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇത് പ്രകാരം 25 ശതമാനത്തിലധികം വൈദ്യുത പ്രസരണ വിതരണ നഷ്ടം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ 2023 ഡിസംബറിന് മുൻപ് സ്മാർട്ട് മീറ്റർ സ്ഥാപിക്കണം. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ക്കും അനുമതിയുണ്ട്. സ്മാർട് മീറ്റര്‍ വരുന്നതോടെ ഓരോ മേഖലയിലും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാനാവും. അതിനാൽ തന്നെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്മാര്ട് മീറ്റര്‍ സംവിധാനം കൊണ്ടുവരുന്നതെന്ന വിമര്‍ശനവും ശക്തമാണ്.