ബീമാപ്പള്ളി ഉറൂസ്ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി

തിരുവനന്തപുരം :
ഡിസംബർ 15ന് തുടങ്ങുന്ന ബീമാപ്പള്ളി ദർഗ ഷെരീഫിലെ ഉറൂസ് മഹോത്സവത്തോട നുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു .ബീമാപ്പള്ളി ജമാ അത്ത് കൗൺസിൽ ഭാരവാഹികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഡിസംബർ 25ന് അവസാനിക്കുന്ന ഉത്സവത്തിന് പങ്കെടുക്കുന്ന തീർത്ഥടകരുടെ ബാഹുല്യം പരിഗണിച്ചു വിപുലമായ ഒരുക്കങ്ങളാണ് വകുപ്പ് തലങ്ങളിൽ നടത്തുന്നത്. ബീമാപള്ളിയിലേയ്ക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുക,തെരുവ് വിളക്കുകൾ കത്തിക്കുക തുടങ്ങിയവ നവംബർ അവസാനത്തോടെ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.എക്‌സൈസ് സ്‌ക്വാഡിന്റെ നിരീക്ഷണവും പരിശോധനയും ഉണ്ടാകും.തീർത്ഥടകാരുടെ സുരക്ഷയെ മുൻ നിറുത്തി സി സി ടി വി, പട്രോളിംഗ്, എയ്ഡ്പോസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കും.കെ എസ് ആർ ടി സി ആവശ്യത്തിനുള്ള യാത്ര സൗകര്യം ഏർപ്പാടാക്കും.ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രാഥമിക ചികിത്സാ സൗകര്യവും പ്രത്യേക മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.ആംബുലൻസ് സൗകര്യവുംഅഗ്നി സുരക്ഷ സേനയുടെഅഞ്ച് യൂണിറ്റും പ്രവർത്തിക്കും. ഉത്സവമേഖലയിലെ മാലിന്യ നിർമാർജ്ജനത്തിനായി ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കും.ബീമാപ്പള്ളി അമിനിറ്റി സെന്ററിന്റെ ഔപചാരിക ഉത്ഘാടനം നവകേരള സദസ്സിന്റെ സമാപന സമ്മേളനത്തിന് ശേഷം നടത്തുമെന്നും മന്ത്രി അറിയിച്ചു.


