ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു
പത്തനംതിട്ട:
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. 96 വയസ്സായ ഫാത്തിമാ ബീവി വ്യാഴാഴ്ച രാവിലെ പത്തരമണിക്കാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചതു്.
1927 ഏപ്രിൽ 30 ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബ്ബിന്റേയും ഖദീജാ ബീവിയുടേയും മൂത്ത മകളായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും ലോ കോളേജിൽ നിന്ന് സ്വർണ മെഡലോടെ നിയമ ബിരുദവും നേടി. 1984 ൽ ഹൈക്കോടതിയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിയായി. 1989 ൽ സുപ്രീംകോടതി ജഡ്ജിയായി.
1997 ൽ തമിഴ്നാട് ഗവർണറായി ചുമതലയേറ്റു. കേന്ദ്രനയത്തിന് വിരുദ്ധമായി ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ച ഫാത്തിമയ്ക്ക് ഒടുവിൽ രാജി വയ്ക്കേണ്ടി വന്നു. എം.കരുണാനിധിയുടേയും ജയലളിതയുടേയും ഭരണ കാലത്ത് ഗവർണറായ ഫാത്തിമക്ക് പല കാര്യങ്ങളിലും വിയോജിപ്പുണ്ടായിരുന്നു.
പിഎസ്സി നിയമനത്തിലൂടെ മുനിസിഫാകുന്ന ആദ്യ വനിത കൂടിയാണ് ജസ്റ്റിസ് ഫാത്തിമാ ബീവി. കേരളത്തിലെ പിന്നാക്ക വിഭാഗ കമ്മീഷൻ അദ്ധ്യക്ഷ,പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരുടേയും താല്പര്യങ്ങൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ അവർ രാഷ്ട്രപതിയാകുമായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച ഉച്ചക്കു ശേഷo 2 മണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ ഭൗതികശരീരം കബറടക്കും.