കഥ: നീലകണ്ണുകൾ
രചന :ഹനീഫ ബക്കർ
ദുബായിലെ ആ വലിയ ഹോട്ടലിന്റെ ലിഫ്റ്റിൽ ഉയർന്നു പൊങ്ങുമ്പോഴും താഴ്ന്നിറങ്ങുമ്പോഴും ആകർഷകമായി അവളെന്നെ നോക്കുന്നുണ്ടാവും. അവളുടെ നീലക്കണ്ണുകൾ എപ്പൊഴും മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും. ഏതാനും ദിവസങ്ങൾ മാത്രമായിട്ടൊള്ളൂ എനിക്കൊപ്പം അവളും റൂം സർവീസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ഈ ജോലിയിൽ ഒട്ടും പരിചയമില്ലാത്ത എനിക്ക് അല്പം പരിചയമുള്ള അവൾ വലിയതുണയായി. അതിനു ഞാൻ ഇടയ്ക്കിടെ നന്ദി പറയും. ഭാഷ ഞങ്ങൾക്കിടയിൽ വലിയവിടവായി നിന്നതുകൊണ്ട് ചുരുക്കം വാക്കുകളെ സംസാരിക്കാറുള്ളൂ… ഓ… മറന്നു അതിന്റെ കാരണം ഞാൻ പറഞ്ഞില്ലല്ലൊ…? പറയാം. അവൾഉടഞ്ഞ് പോയ റഷ്യയിലെ ലാത്വിയക്കാരി,നല്ല വെളുത്ത് അതിസുന്ദരിയായ നീലക്കണ്ണുകളുള്ള അത്യാവശ്യം ഉയരമുള്ള, എന്നെക്കാൾ ഉയരമുള്ളവൾ. റഷ്യൻ ഭാഷയൊഴിച്ച് കഷ്ണം കഷ്ണം ഇംഗ്ലീഷ് പറയുന്നവൾ. എന്റെ ഇംഗ്ലീഷ് അൽപം വലിയ കഷ്ണമാണെന്ന് മാത്രം! പക്ഷെ അറബിയും ഹിന്ദിയും ഞാൻ നന്നായി കേൾക്കും,പറയും…
എപ്പൊഴും ഒരത്ഭുതം പോലെ ഞാനവളെ നോക്കാറുണ്ട്. ജോലിക്ക് രാവിലെ വന്നാൽ ജോലിക്കാർ പരസ്പരം ഹഗ് ചെയ്യുക പതിവാണ്, ഞാൻ ഷേക്ക് ഹാൻഡ് ലൊതുക്കും. ഒരിക്കലവൾ ലിഫ്റ്റിൽ വച്ചെന്നോട് ചോദിച്ചു എന്തേ നീയെന്നെ ഹഗ് ചെയ്യാത്തതെന്ന്.
തനിനാടനായ ഞാൻ അതും കൊല്ലങ്ങൾ പ്രണയിച്ചു കാത്തിരുന്നു കെട്ടിയ എന്റെ പെണ്ണിനെയല്ലാതെ മറ്റൊരു പെണ്ണിനെ കെട്ടിപ്പിടിക്കുകയോ… നോ… നോ…നീയെന്താണ്ചിന്തിക്കുന്നതെന്ന് അവൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇത്ര ഇരുണ്ട നിറമുള്ള ഞാൻ നിന്നെ ഹഗ് ചെയ്യാൻ യോഗ്യനല്ല ! ഇതു കേട്ട മാത്രയിൽ അവളെന്നെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു കൊണ്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. അവളുടെ ആ പ്രവർത്തി എന്നിൽ വല്ലാത്തൊരു നാണമുണ്ടാക്കി.വീണ്ടും പൊട്ടിച്ചിരിക്കുന്ന അവൾ അവളുടെ ഭാഷയിൽ എന്തോ ഉറക്കെ പറയുന്നുണ്ടായിരുന്നു. ദേഷ്യം വന്ന ഞാൻ ചോദിച്ചു. നീ നിന്റെ ഭാഷയിൽ എന്നെ ചീത്തവിളിക്കുകയാണോന്ന്. പൊട്ടിച്ചിരിയിൽ തന്നെ അവൾ പറഞ്ഞു ഞാൻ നിന്നോട് ഐ ലവ് യൂ പറഞ്ഞതാണെന്ന്…!
പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ആകർഷണീയമായ നോട്ടങ്ങൾ എന്റെ കണ്ണുകൾ തടഞ്ഞിട്ടു.
പതിവു പോലെ ജോലി ചെയ്യുന്നൊരുദിവസം അവൾ കണ്ണുകളാൽ കുസൃതി കാട്ടിയപ്പോൾ ഞാൻ പറഞ്ഞു ഇത്ര സുന്ദരിയായ നിനക്ക് നല്ലൊരാളെ കെട്ടി ഒരു രാജകുമാരിയായി ജീവിച്ചു കൂടേയെന്ന്. അപ്പോൾ അവൾ പറഞ്ഞു നിന്റെ ഇന്ത്യയല്ല എന്റെ തകർന്ന നാട്. ജീവിക്കാൻ മാർഗ്ഗമില്ലാത്തവരാണ് ഞങ്ങൾ… രോഗിയായ അമ്മയ്ക്കും എന്റെ താഴെയുള്ള മൂന്ന് സഹോദരിമാർക്കും ജീവിക്കാൻ എന്റെ വരുമാനം മാത്രമാണ് ആശ്രയം… ആർദ്രമായി എന്റെ കണ്ണിൽ നോക്കിയ അവളുടെ കണ്ണുകൾ ചുവപ്പണിഞ്ഞു കണ്ണുനീരിറ്റി വീണു.
ഞാനവളെ ആശ്വസിപ്പിച്ചു.
അങ്ങനെ ഒരു ദിവസം എന്റെ കൂടെ ഒരു ഫിലിപ്പൈൻ യുവാവ് അവൾക്കു പകരം വന്നു. അവളെ ഞാൻ ഹോട്ടലിന്റെ പല സെക്ഷനിലും അന്വേഷിച്ചു. ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. ജോലിയിൽ ഒരു ഏകാന്തതയുടെ അസ്വസ്ഥതപടർന്നു കയറി. ബാറിൽ ജോലി ചെയ്യുന്ന അവളുടെ ഒരു നാട്ടുകാരിയെഅടുത്ത ദിവസം കണ്ടപ്പോൾഅവൾ ലീവാണെന്നു മാത്രംപറഞ്ഞു.
തൊട്ടടുത്ത ദിവസം ഞാനറിഞ്ഞു ഹോട്ടലിലെ എഫ് ആൻഡ് ബി മാനേജർ ആയ മിസറി അവളെ കെട്ടിയെന്ന്.
തുടർന്നുള്ള ദിവസങ്ങളിൽ എന്റെ മനസ് അവളുമൊത്തുണ്ടായിരുന്ന നിമിഷങ്ങളിലേക്ക് പാഞ്ഞു കൊണ്ടേയിരുന്നു.
ഹോട്ടലിലെ സ്റ്റാഫ് ഇവന്റ് പാർട്ടിയിൽ തടിച്ചു വീർത്ത,വണ്ണമുള്ള കറുത്ത ചുണ്ടുള്ള മിസറി അവളെയും ചുററിപ്പിടിച്ച്,ബ്രൈഡൽ ഫ്രോക്കിട്ട അവൾ മിസറിയെയും ചുററിപ്പിടിച്ച് മന്ദം മന്ദം നൃത്തച്ചുവട് വയ്ക്കുന്നു.
ഒരുവേള മരവിപ്പിൽ നോക്കിയിരുന്ന എന്നെ നോക്കിയ അവളുടെ നീലക്കണ്ണിൻ മുനകൾ ഒരു മുള്ളായ് എന്റെ നെഞ്ചിൽ തറച്ചു.
ഹോട്ടലിലെജോലി വിട്ട് അഞ്ച് കൊല്ലങ്ങൾക്കു ശേഷമൊരു ഷോപ്പിംഗ് മാളിലെ ഇലക്ട്രോണിക്സ്ഷോപ്പിൽ കയറിയ എന്റെ മുന്നിൽ സെയിൽസ്ഗേളായി അതാ അവൾ…! എന്താ ഇവിടെയെന്ന ചോദ്യത്തിന് നിസ്സംഗമായി ഇവിടെയാണ് ജോലിയെന്നു മാത്രം പറഞ്ഞവൾ ഷേക്ക് ഹാൻഡ് നൽകി.കൈ ഊരിയപ്പോൾ അവൾ ഒന്നു വിരൽ കോർത്തു വലിച്ചു.
ഞാൻ യാത്ര പറഞ്ഞു അവളോടും,ആ നാടിനോടും.
അൽപം നടന്നകന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ പിടയുന്ന നീലക്കണ്ണുകൾ എന്തോ പറയാൻ ബാക്കി വച്ച് നെഞ്ചിൽ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു…