17-കാരിക്ക് വാട്‌സ്ആപ്പ് സന്ദേശം; 52-കാരൻ്റെ കൈയും കാലും തല്ലിയൊടിച്ച് നാലംഗ സംഘം

തിരുവനന്തപുരം:
17-കാരിക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് 52-കാരനെ ആക്രമിച്ച് നാലംഗ സംഘം. നെടുമങ്ങാടിനടുത്ത് അഴീക്കോട് താമസിക്കുന്ന റഹീമിന് നേരെയാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മനോജ്, മനു, അർജുൻ, അജിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സാംസ്‌കാരിക ക്ലബ്ബുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ മൂന്ന് വർഷമായി അറിയാമെന്നും വാട്‌സ്ആപ്പിൽ പെണ്‍കുട്ടിക്ക് റഹീം സന്ദേശങ്ങൾ അയയ്‌ക്കുമായിരുന്നു എന്നും പൊലീസ് പറഞ്ഞു. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ഇയാൾ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പെണ്‍കുട്ടി ബന്ധുവിനോട് പരാതി പറഞ്ഞു.
തുടർന്ന് ബന്ധു തിരുവല്ലയിലെ ജഡ്‌ജിമുക്കിനടുത്ത കളിസ്ഥലത്ത് വച്ച് കണ്ടുമുട്ടാമെന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് റഹീമിന് സന്ദേശം അയച്ചു. അടുത്ത മൂന്ന് സൃഹൃത്തുകളോടൊപ്പം സ്ഥലത്തെത്തിയ യുവാക്കളും റഹീമും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതു വലിയ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. മനോജും സുഹൃത്തുക്കളും വടികൊണ്ട് റഹീമിനെ മർദിക്കുകയും വലതുകൈയും കാലും ഒടിക്കുകയും ചെയ്‌തു.