സിപിഐയുടെ എതിർപ്പ് തള്ളി; പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചു
തിരുവനന്തപുരം:
സിപിഐയുടെ എതിർപ്പ് തള്ളി സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പദ്ധതിയിൽ ഒപ്പുവെക്കുന്നതിനെ ചൊല്ലി ഇടതുപക്ഷ മുന്നണിയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.
പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1500 കോടി എസ്എസ്‌കെ ഫണ്ടാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്.
അതേസമയം, സംസ്ഥാന സർക്കാരിന്റെ നടപടിയോട് പിന്നീട് പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. നേരത്തെ, മൂന്ന് തവണയാണ് മന്ത്രിസഭയിൽ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. വെള്ളിയാഴ്ച ചേർന്ന പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. അതിനിടയിലാണ് സംസ്ഥാനസർക്കാരിന്റെ നീക്കം.
പിഎം ശ്രീ പദ്ധതി
2020ൽ മോദി സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.
