“അതിരുകൾ മാറിയേക്കാം, നാളെ സിന്ധ് ഇന്ത്യയുടെ ഭാഗമായേക്കാം”; വിഭജനത്തിൻ്റെ മുറിവുണങ്ങുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാജ്നാഥ് സിങ്
ന്യൂഡൽഹി: വിഭജനത്തിലൂടെ പാകിസ്ഥാൻ്റെ ഭാഗമായി മാറിയ സിന്ധ് പ്രവിശ്യ ഭാവിയിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയേക്കാമെന്ന സുപ്രധാന പരാമർശവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ന്യൂഡൽഹിയിൽ നടന്ന സിന്ധി സമാജ് സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ്, അതിർത്തികൾ ശാശ്വതമല്ലെന്നും മാറ്റങ്ങൾക്ക് വിധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത്.
മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ വാക്കുകളെ മുൻനിർത്തിയാണ് രാജ്നാഥ് സിങ് ഇന്ത്യയും സിന്ധുമായുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്. പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ:
- അതിരുകൾ മാറും: “ഭൂമിശാസ്ത്രപരമായി അതിർത്തികൾ മാറിയേക്കാം. നാളെ സിന്ധ് ഇന്ത്യയിലേക്ക് തന്നെ മടങ്ങിയേക്കാം. സിന്ധ് ദേശം ഇന്ന് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷേ നാഗരികതയിൽ അത് എന്നും ഭാരതത്തിൻ്റെ ഭാഗം തന്നെയാണ്.”
- അദ്വാനിയുടെ സ്വപ്നം: സിന്ധിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്ന കാര്യം സിന്ധി ഹിന്ദുക്കൾക്ക് ഇന്നും അംഗീകരിക്കാനായിട്ടില്ലെന്ന് അദ്വാനി തൻ്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. “സിന്ധ് ഇല്ലാതെ ഇന്ത്യ അപൂർണ്ണമാണ്” എന്ന അദ്വാനിയുടെ പഴയ വാക്കുകളും അദ്ദേഹം ഓർമ്മിപ്പിച്ചു.
- സിന്ധു നദിയുടെ പവിത്രത: സിന്ധു നദിയെ ഹിന്ദുക്കൾ മാത്രമല്ല, സിന്ധിലെ പല മുസ്ലീങ്ങളും പവിത്രമായി കാണുന്നു. മക്കയിലെ ‘ആബ്-ഇ-സംസാം’ ജലം പോലെയാണ് അവർ സിന്ധു നദിലെ ജലത്തെയും കരുതുന്നതെന്ന് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
ദേശീയഗാനത്തിലെ സാന്നിധ്യം: പാകിസ്ഥാൻ്റെ അധീനതയിലാണെങ്കിലും ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തിൽ നിന്ന് സിന്ധിനെ മാറ്റിനിർത്താനാവില്ലെന്ന് ദേശീയഗാനത്തെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
“ഇന്നും ‘പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്ത…’ എന്ന് നമ്മൾ അഭിമാനത്തോടെ പാടുന്നു. നമ്മൾ നിലനിൽക്കുന്നിടത്തോളം കാലം അത് പാടുക തന്നെ ചെയ്യും.” – രാജ്നാഥ് സിങ്
