കണ്ണിമേറാ മാർക്കറ്റ് :രണ്ടും മൂന്നും ബ്ലോക്കുകളുടെ പണി പുരോഗമിക്കുന്നു.

തിരുവനന്തപുരം:
നവീകരണത്തിന്റെ ഭാഗമായി പാളയം കണ്ണിമേറ മാർക്കറ്റിലെ കച്ചവടക്കാരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രണ്ടും മൂന്നും ബ്ലോക്കുകളുടെ പണി പൂർത്തിയായി. ഇപ്പോൾ ഇലക്ട്രിക് ജോലികളാണ് നടക്കുന്നത്. ആകെ മൂന്ന് ബ്ലോക്കുകളുള്ള കെട്ടിടത്തിന്റെ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് കച്ചവടക്കാരെ അവിടേയ്ക്ക് മാറ്റുന്നതായിരിക്കും.
അടുത്ത മാസം ആദ്യ ആഴ്ചയോടെ രണ്ട് ബ്ലോക്കുകളുടെ ജോലികൾ മുഴുവൻ പൂർത്തിയാകും.കച്ചവടക്കാരെ പൂർണമായും പുനരധിവസിപ്പിച്ചതിന് ശേഷം മാർക്കറ്റിന്റെ നവീകരണപ്രവർത്തനം ആരംഭിക്കും.മാർക്കറ്റിന് പുറകിൽ ട്രിഡയുടെ ഭൂമിയിലാണ് ബ്ലോക്കുകളുടെ നിർമാണം നടക്കുന്നത്.തിരുവനന്തപുരം സ്മാർട്ട് സിറ്റിയുടെ കീഴിലാണ് ബ്ലോക്കുകളുടെ നിർമാണം.2021ൽ തുടങ്ങിയ ബ്ലോക്കുകളുടെ നിർമാണത്തിനായി 16കോടി രൂപ അനുവദിച്ചിരുന്നു.ഒന്നാമത്തെയും രണ്ടാമത്തെയും ബ്ലോക്കുകളിലായി കോപറേഷന്റെ 300കടകളും ട്രിഡയുടെ 11കടകളും ഉണ്ടാകും.മൂന്നാമത്തെ ബ്ലോക്കിൽ ട്രിഡയുടെ 33 കടകളും മത്സ്യ സ്റ്റാളുകളും ഉണ്ടായിരിക്കും.
നവീകരിച്ച മാർക്കറ്റ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന കെട്ടിടത്തിന്റെ ജോലികൾ നീണ്ടുപോയതിനാലാണ് മാർക്കറ്റിന്റെ നിർമാണത്തിന് കാലതാമസം നേരിട്ടത്.കടകൾ, മാലിന്യ സംസ്കരണ സംവിധാനം കൂടാതെ മൾട്ടി ലെവൽ കാർ പാർക്കിംഗും ഇവിടെ ഉണ്ടാകും.അഞ്ച് നിലകളിലായി കോർപറേഷന്റെ ഒന്നേമുക്കാൽ ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന കണ്ണിമേറ മാർക്കറ്റിന് 118 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

