12 തായ് പൗരന്മാരുൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു
ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കാൻ തുടങ്ങി. 13 ഇസ്രയേലി പൗരന്മാരെയും തായ്‌ലൻഡിൽനിന്നുള്ള 12 പേരെയും മോചിപ്പിച്ചു. 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിൻറെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്.
ഇവരെ ഇസ്രയേലി അധികൃതർ ആറിഷ് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ഇസ്രയേൽ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുൻപ് വൈദ്യ സഹായം നൽകുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. റെഡ് ക്രോസിന് കൈമാറിയ ഇവർ നിലവിൽ ഈജിപ്ത് അതിർത്തിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
കരാർ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന മൂന്ന് പലസ്തീനികളെ വീതം മോചിപ്പിക്കും. അതായത് ആകെ 150 പലസ്തീനികളെ മോചിപ്പിക്കും. ഹമാസ് വിട്ടയച്ച ബന്ദികളിൽ മൂന്ന് അമേരിക്കക്കാരും ഉൾപ്പെടും. ഇരുഭാഗത്തുനിന്നും കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.