പത്മ അവാർഡിൽ മലയാളിത്തിളക്കം; എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ

നടി ശോഭനയ്ക്കും പി ആർ ശ്രീജേഷിനും ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷൺ
ന്യൂഡൽഹി: പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി. മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണും ലഭിച്ചു. മുൻ ഫുട്ബോൾ താരമായ ഐ എം വിജയനും സംഗീത അധ്യാപിക കെ ഓമനക്കുട്ടി അമ്മയ്ക്കും പത്മശ്രീ ബഹുമതി ലഭിച്ചു.
എം ടി വാസുദേവൻ നായരും മാരുതി സുസുകി മുൻ ചെയർമാൻ ഒസാമു സുസുകിയും ഉൾപ്പെടെ 7പേർക്കാണ് പത്മവിഭൂഷൺ നൽകിയത്. ധ്രുവുർ നാഗേശ്വർ റെഡ്ഡി (മെഡിസിൻ, തെലങ്കാന), റിട്ട. ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹർ (പബ്ലിക് അഫയേഴ്സ്, ചണ്ഡിഗഢ്), കുമുദിനി രജനികാന്ത് ലാഖിയ (കല, ഗുജറാത്ത്, ലക്ഷ്മിനാരായാണ സുബ്രഹ്മണ്യൻ (കല, കർണാടക), ശാർദ സിൻഹ (കല, ബിഹാർ) എന്നിവരാണ് പത്മവിഭൂഷൺ പുരസ്കാരം നേടിയത്.
തമിഴ് നടൻ അജിത് കുമാർ, തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ, ഗായകൻ പങ്കജ് ഉദാസ്, സംവിധായകൻ ശേഖർ കപൂർ, ഗായകൻ അരിജിത് സിങ് എന്നിവരുള്‍പ്പെടെ 19 പേർക്കാണ് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. ആർ അശ്വിൻ എന്നിവരുൾപ്പെടെ 113 പേർക്ക് പത്മശ്രീ പുരസ്കാരങ്ങളും നൽകി.
റിപ്പബ്ലിക് ദിനത്തലേന്നാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മ പുരസ്കാര ജേതാക്കളുടെ പട്ടിക കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ബ്രസീലിൽ നിന്നുള്ള ഹിന്ദു ആത്മീയ നേതാവായ ജോനാസ് മസെത്തി, ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് എഴുതിയതിന് പ്രശസ്തരായ ട്രാവല്‍ ബ്ലോഗർ ദമ്പതികളായ ഹ്യൂ- കോളിൻ ഗാന്റ്സർ എന്നിവർ പത്മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.