മാനവീയത്തിൽ ഹാപ്പി ട്രിവാൻഡ്രം
തിരുവനന്തപുരം:
മാനവീയത്തിന്റെ സായാഹ്നങ്ങളെ മനോഹരമാക്കാൻ കളികളും മത്സരങ്ങളും നിറഞ്ഞൊരു കൂട്ടായ്മയ്ക്ക് ഞായറാഴ്ച തുടക്കമായി.സന്തോഷസൂചികയിൽ നഗരത്തിന് പ്രത്യേകമൊരു ഇടം നൽകുകയെന്ന ലക്ഷ്യത്തിലാണ് കലക്‌ട്രേറ്റിന്റെ സഹകരണത്തിൽ യങ് ഇന്ത്യൻസ് മൂവ്മെന്റ് ഹാപ്പി ട്രിവാൻഡ്രം കൂട്ടായ്മ ആരംഭിച്ചത്. മാലിന്യ നിർമാർജന അവബോധത്തിന്റെ ഭാഗമായി നടത്തിയ കൂറ്റൻ ഏണീം പാമ്പും കളിയിൽ കളക്ടർ അനുകുമാരിയും പങ്കാളിയായി.കുഞ്ഞൻ ചെസ് ബോർഡും ഫുട്ബോൾ ഷൂട്ടൗട്ടും അമ്പും വില്ലും മുതൽ മുഖചിത്രമെഴുത്തുവരെ മാനവീയത്തിൽ അരങ്ങേറി. അസി. കലക്ടർ സാക്ഷി മാലിക്കും പരിപാടിയുടെ ഭാഗമായി. സീവി, ഫർഹാഷ് എന്നിവരുടെ ബാൻഡ് അവതരണത്തോടെയാണ് ഹാപ്പി ട്രിവാൻഡ്രം സമാപിച്ചത്.