സ്ഥിരം തസ്തികകളിൽ കരാർ നിയമനം എന്നത് സർക്കാർ നയമല്ല എന്ന് ധനമന്ത്രി വ്യക്തമാക്കി

ധന ദൃഢീകരണ പ്രക്രിയയുടെ ഭാഗമായി വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
പ്രസ്തുത ഉത്തരവിൽ സ്ഥിരം തസ്തികകളിൽ ആവശ്യമെങ്കിൽ കരാർ നിയമനം നടത്താം എന്ന പരാമർശത്തിനെതിരെ കേരള എൻ ജി ഒ യൂണിയൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
അതിൻ്റെയടിസ്ഥാനത്തിൽ ആ ഉത്തരവ് നടപ്പിലാക്കില്ല എന്നും സ്ഥിരം തസ്തികകളിൽ കരാർ നിയമനം സർക്കാർ നയമല്ല എന്നും ധനമന്ത്രി വ്യക്തമാക്കി
സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനും കർശനമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനെ കേരള എൻജിഒ യൂണിയൻ എതിർക്കുന്നില്ല.
എന്നാൽ അത് നീതി നിഷേധത്തിനും അവസര നിഷേധത്തിനും ഇടയാക്കരുത്. സർക്കാർ ഓഫീസിൽ ഇ- ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതു കൊണ്ടും സാങ്കേതികവിദ്യയുടെ വളർച്ചയുടെസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതു മൂലവും ചില തസ്തികകൾ കാലഹരണപ്പെടുകയോ , നിശ്ചിതകാല പദ്ധതികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചില തസ്തികകൾ അധികമാകുകയോ ചെയ്തിട്ടുണ്ടാകും.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി മുകൾ തട്ടിൽ ഉണ്ടായിട്ടുള്ളതും വിവിധ വകുപ്പുകൾ ചെയ്തിരുന്നതുമായ ഉത്തരവാദിത്വങ്ങൾ തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറുകയോ തനത് വകുപ്പിൽ തന്നെ താഴെ തട്ടിലേക്ക് ചുമതല നിശ്ചയിച്ച് വികേന്ദ്രീകരിക്കുകയോ എല്ലാം ചെയ്തിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിലെല്ലാം ആവശ്യമായ പഠനം നടത്തി തസ്തികകൾ വകുപ്പിനകത്ത് ഓഫീസുകൾ മാറ്റിയും പുറത്ത് മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിച്ചും തസ്തികകൾ സംരക്ഷിക്കാൻ കഴിയുന്നതാണ്. സംസ്ഥാനത്ത് വൈജ്ഞാനിക ഭരണനിർവഹണ പ്രക്രിയയുടെ ഭാഗമായി വിവിധ വകുപ്പുകളിൽ മേൽ സൂചിപ്പിച്ച സാഹചര്യങ്ങളിൽ പഠനം നടത്തുകയും തസ്തികകൾ പുനർ വിന്യസിച്ചും കാലഹരണപ്പെട്ടതിന് പകരം പുതിയ മറ്റ് തസ്തികകൾ സൃഷ്ടിച്ചും നടപടികൾ സ്വീകരിച്ചുവരികയാണ് .
എന്നാൽ ഉത്തരവിലെ ഏഴാം ഖണ്ഡികയിൽ ചില തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവ് നികത്തരുതെന്നും ആവശ്യമെങ്കിൽ അതിൽ കരാർ നിയമനം നടത്താമെന്നും നിർദ്ദേശിച്ചിരിക്കുന്നു. സിവിൽസർവീസിൽ ആവശ്യമായ സ്ഥിരം തസ്തികകളിലെല്ലാം പി എസ് സി മുഖാന്തിരം ഒഴിവ് നികത്തണമെന്ന സർക്കാർ നിലപാടിന് വിരുദ്ധമായാണ് ഈ നിർദ്ദേശം ചേർത്തിട്ടുള്ളത്
പുതിയ തസ്തികകൾ സൃഷ്ടിച്ചും നിയമനങ്ങൾ നടത്തിയും സിവിൽ സർവീസിനെ ശാക്തീകരിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത് . ഓഫീസ് അറ്റൻഡൻ്റ് മുതൽ KAS വരെയുള്ള എല്ലാ തസ്തികകളിലേക്കും പി എസ്സ് സി വഴി ഏറ്റുവുമധികം സ്ഥിരം നിയമനം നടത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം
സ്ഥിരം തസ്തികയിലെ ഒഴിവുകൾ കരാർ നിയമനത്തിലൂടെ നികത്താമെന്ന് നിർദ്ദേശിക്കുന്ന ഈ ഉത്തരവ് നടപ്പിലാക്കില്ല എന്നും,
തസ്തികകൾ സംരക്ഷിച്ചും നിയമാനുസരണം ഒഴിവുകൾ നികത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്