വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടിന് വേണ്ടി മാത്രമല്ല കേരളം പദ്ധതി നടപ്പാക്കുന്നത്.
പിഎം ശ്രീയില്‍ എന്താണ് കുഴപ്പമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തന്നെ അതിന് തെളിവാണ്. രണ്ടുലക്ഷം കോടി രൂപ ചിലവിടുന്ന സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപയ്ക്ക് വേണ്ടിയല്ല പദ്ധതിയുടെ ഭാഗമായത്. ദേശീയ വിദ്യാഭ്യാസ നയം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രയോജനകരമാണ്. പുതുതലമുറയുടെ ഭാവിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതിയാണിത്. എന്നാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് നേട്ടമുണ്ടാകാതിരിക്കാന്‍ ലക്ഷ്യമിട്ട് സിപിഎമ്മും സര്‍ക്കാരും മനപ്പൂര്‍വ്വം പദ്ധതി കേരളത്തില്‍ വൈകിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴെങ്കിലും തെറ്റു തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറായത് നന്നായെന്നും രാജീവ് ചന്ദ്രശേഖര്‍.
