സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ ഒടിടി ‘സി സ്പെയ്സ് ‘

തിരുവനന്തപുരം:
കേരളത്തിന്റെ അഭിമാനപദ്ധതിയായ ‘സി സ്പെയ്സ് ‘ റിപ്പബ്ളിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രമുഖരായ അമ്പത് സംവിധായകരുടെ ചിത്രങ്ങളാണ് ആദ്യഘട്ടത്തിൽ പ്രദർശിപ്പിക്കുന്നതു്. സംസ്ഥാന അവാർഡ് ലഭിച്ച ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, കേരള-രാജ്യാന്തരമേളയിൽ പുരസ്കാരം നേടിയ ചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിയ്ക്കും. ഒരു സിനിമയ്ക്ക് 100 രൂപ എന്ന ക്രമത്തിലാണ് നിരക്ക്; മാസവരി ഉണ്ടാകില്ല. സാംസ്കാരികരംഗത്തെ പ്രമുഖർക്കും വിദ്യാർത്ഥികൾക്കും ഇളവുണ്ടാകും. സിനിമകൾ തെരഞ്ഞെടുക്കുന്നതിന് 60 അംഗങ്ങളുള്ള ക്യൂറേറ്റർമാരുടെ പാനൽ ചലച്ചിത്രവികസന കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്. മലയാള സിനിമയുടേയും ചലച്ചിത്രസംസ്കാരത്തിന്റേയും വികസനത്തിന് സി സ്പെയ്സ് മുതൽക്കൂട്ടാകുമെന്ന് ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു.

