ഇറാന് തിരിച്ചടിയുമായി ഇസ്രായേൽ;ഇറാൻ്റെ സൈനിക, ഡ്രോൺ സൗകര്യങ്ങൾ തകർത്തു
ഇസ്രായേലിന്റെ ആക്രമണത്തിൽ പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയിൽ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ
ജറുസലേം:
ഇറാന് തിരിച്ചടിയുമായി ഇസ്രായേൽ. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്ര സ്ഫോടനങ്ങളുണ്ടായി. ടെഹ്റാന്റെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സ്ഫോടനം ഉണ്ടായി. വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് അന്താര്ഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുൻനിര യുദ്ധവിമാനങ്ങളും മിസൈലുകളും അണിനിരത്തി. ഇരുകൂട്ടർക്കും ഇടയിലെ സംഘർഷത്തിലെ ഏറ്റവും പുതിയ ആക്രമണമാണിത്. ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും തലവന്മാരെ കൊന്നതിന് പ്രതികാരമായി ഇറാൻ ഇസ്രായേലിന് നേരെ ഏകദേശം 200 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മൂന്ന് ഘട്ടങ്ങളിലായി നടന്ന വ്യോമാക്രമണം.
ആക്രമണങ്ങൾക്കായി, ഇസ്രായേൽ അതിൻ്റെ അഞ്ചാം തലമുറ എഫ്-35 ആദിർ യുദ്ധവിമാനങ്ങൾ, എഫ്-15ഐ റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകൾ, എഫ്-16ഐ സൂഫ എയർ ഡിഫൻസ് ജെറ്റുകൾ എന്നിവ വിന്യസിച്ചു. ‘റാംപേജ്’ ലോംഗ് റേഞ്ച്, സൂപ്പർസോണിക് മിസൈൽ, ‘റോക്ക്സ്’ അടുത്ത തലമുറ വിപുലീകരിച്ച സ്റ്റാൻഡ്-ഓഫ് എയർ-ടു-സർഫേസ് മിസൈൽ എന്നിവയായിരുന്നു മറ്റ് പ്രധാന ആയുധങ്ങൾ.
ഇസ്രായേൽ സൈന്യം സൈനിക കേന്ദ്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടുതൽ സംഘർഷം രൂക്ഷമാകുന്നത് തടയാൻ ആണവ, എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിൽ നിന്ന് വിട്ടുനിന്നു.ഇറാൻ്റെ 20 മിസൈലുകളിലും ഡ്രോണുകളിലും മൂന്ന് ഘട്ടങ്ങളായി 100 യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ഇറാൻ്റെ റഡാർ, വ്യോമ പ്രതിരോധ സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണത്തിൻ്റെ ആദ്യ ഘട്ടം. ഇതാണ് സൈനിക താവളങ്ങളിൽ ആക്രമണം നടത്താനുള്ള പാത തുറന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിൽ ഇറാൻ്റെ മിസൈൽ, ഡ്രോൺ സൗകര്യങ്ങൾ ലക്ഷ്യമാക്കി.