ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നു

ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നു. ഇസ്ലാമിക രാജ്യത്തിൻ്റെ ആദ്യ പ്രതിനിധിയാകുന്നത് റൂമി അൽഖഹ്താനിയാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിൻ്റെ കീഴിൽ സൗദി അറേബ്യയുടെ മറ്റൊരു ചുവടുവയ്പ്പാണിത്.

അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ റൂമി അൽഖഹ്താനി തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണിത്, റൂമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പ്രഖ്യാപനത്തിന് പിന്നാലെ ബ്യൂട്ടി ക്വീൻ മോഡിലുള്ള ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. സ്ട്രാപ്പ്ലെസ്, സീക്വീൻഡ് ഗൗൺ, ടിയാര, സാഷ് എന്നിവ ധരിച്ച് സൗദി അറേബ്യയുടെ പതാകയും പിടിച്ചുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. നേരത്തെയും സൗദി അറേബ്യയെ പ്രതിനിധീകരിച്ച് നിരവധി സൗന്ദര്യമത്സരങ്ങളിൽ അൽഖഹ്താനി പങ്കെടുത്തിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യൻ മത്സരത്തിലും അവർ പങ്കെടുത്തു ജയിച്ചിരുന്നു

ഇതാദ്യമായാണ് സൗദി അറേബ്യ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ഖലീജ് ടൈംസും എബിസി ന്യൂസും റിപ്പോർട്ട് ചെയ്തു.

ഒരു സോഷ്യൽ മീഡിയ ഇൻഫുളവൻസറായ റൂമി അൽഖഹ്താനിക്ക് ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിലേറെ ഫോള്ളോവേഴ്സുണ്ട്. “മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്,” അവർ അറബിയിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.