പി. ജയരാജനുമായി ചർച്ച നടത്തിയെന്നത് ‘വ്യാജ വാര്‍ത്ത’യെന്ന്ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ.

ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനുമായി ചർച്ച നടത്തിയെന്നത് ‘വ്യാജ വാര്‍ത്ത’യെന്ന് കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയിലേക്ക് പോകാൻ ഇ പി ജയരാജൻ നീക്കം നടത്തിയെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണങ്ങളും പ്രകാശ് ജാവദേക്കർ തള്ളിക്കളഞ്ഞു. താൻ ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയതോ സംസാരിച്ചോ എന്ന് സുധാകരന് എങ്ങനെയാണ് അറിയാൻ കഴിയുകയെന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു. തെറ്റായ വാർത്തകളാണ് ഇതെന്നും അദ്ദേഹം ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സുധാകരന്റെ ആരോപണങ്ങൾ നുണക്കഥയെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ഇ പി ജയരാജൻ പക്ഷെ, താൻ തിരുവനന്തപുരത്ത് വച്ച് പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന് സമ്മതിച്ചിരുന്നു. ‘‘എന്റെ മകന്റെ ഫ്ലാറ്റിൽ വച്ച് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഞാൻ അവിടെ ഉണ്ടെന്ന് മനസിലാക്കിയാണ് അദ്ദേഹം എന്നെ കാണാൻ ഫ്ലാറ്റിൽ വന്നത്. എന്നാൽ ഞങ്ങൾ രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. എനിക്ക് ഒരു യോഗത്തിനുപോകേണ്ടതിനാൽ മകനോട്, അദ്ദേഹത്തിന് ചായ കൊടുക്കാൻ പറഞ്ഞു. ഈ കൂടിക്കാഴ്ചയെ കുറിച്ച് ഞാൻ പാർട്ടിയെ അറിയിച്ചിരുന്നില്ല’’- ഇ പി ജയരാജൻ പറഞ്ഞു.